കരിങ്കുന്നം: പഞ്ചായത്ത് പരിധിയിലുള്ള ഒറ്റല്ലൂരില്‍ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം അലയടിക്കുന്നു. കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലായി അഞ്ച് അങ്കണവാടികള്‍, സ്കൂളുകള്‍, ഐഎച്ച്ഡിപി ഇല്ലിചാരി ഉന്നതി, ഒറ്റല്ലൂര്‍ ലക്ഷംവീട് ഉന്നതി, ചക്കിയള്ളുംമല വിനോദസഞ്ചാര കേന്ദ്രം, ചരിത്രപ്രസിദ്ധമായ ഒറ്റക്കല്ല് ഗുഹ, വനദുര്ഗക്ഷേത്രം, ഉറവപ്പാറ തുടങ്ങിയവയ്ക്കെല്ലാം ഗുരുതരമായ ഭീഷണിയാണ് ഫാക്ടറിമൂലം ഉണ്ടാകുന്നത്. ഫാക്ടറിക്കായി ഏക്കര്‍കണക്കിനു ഭൂമി വാങ്ങി വന്മതിലുകള്നിര്മിച്ചാണ് പ്രവര്‍ത്തനം.
പ്ലൈവുഡ് ഫാക്ടറിക്ക് പ്രതിദിനം പതിനായിരം ലിറ്ററോളം വെള്ളം ആവശ്യമായി വരും. 7200 ലിറ്ററോളം മലിനജലമാകും ഉത്പാദന ശേഷം പുറന്തള്ളുന്നത്. പൊടിപടലങ്ങളും അന്തരീക്ഷ മലിനീകരണവുംമൂലം ഗുരുതര ആരോഗ്യഭീഷണിയാണ് ഉണ്ടാകുന്നത്.
മാരകവിഷാംശമുള്ള രാസപദാര്‍ത്ഥങ്ങള്‍ മൂലം സാംക്രമികരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയേറെയാണ്. ഫാക്ടറി ആരംഭിക്കുന്നതോടെപ്രദേശത്തെ കുടിവെള്ള സ്രോതസായ കരിയിനം തോടും ഇത് ഒഴുകിയെത്തുന്ന പഴയമറ്റം, ഒറ്റല്ലൂര്‍, നെടിയകാട്, പ്ലാന്റേഷന്, തൊടുപുഴ എന്നിവിടങ്ങളിലെ ജല സ്രോതസുകളും മലിനമാകും. മുട്ടം, കുടയത്തൂര്‍, കരിങ്കുന്നം, നെല്ലാപ്പാറ പ്ലാന്റേഷന്, മ്രാല, പൊന്നന്താനം, ഇല്ലിചാരി, മറ്റത്തിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങളെ ഇതു ദോഷകരമായി ബാധിക്കുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ഫാക്ടറിയിലെ ബോയിലറില്നിന്നുള്ള പുകയും മലിനീകരണവും വരുത്തുന്ന വിപത്ത് പ്രവചനാതീതമാണ്.
ഫാക്ടറിക്കെതിരേ ബോധവത്കരണവുമായി ജനകീയ കൂട്ടായ്മ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍, കരിങ്കുന്നം വില്ലേജ് ഓഫീസര്‍, ആരോഗ്യവകുപ്പ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ്, ഫയര്‍ഫഴ്സ്, വ്യവസായ കേന്ദ്രം, വനംവകുപ്പ്, പഞ്ചായത്ത്, കൃഷിവകുപ്പ് എന്നിവര്‍ക്കെല്ലാം നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജി സമര്‍പ്പിച്ച് അനുകൂല നടപടിക്കായി കാത്തിരിക്കുകയാണ് ജനങ്ങള്‍. വികസനത്തിന്റെ പേര് പറഞ്ഞ് ഒരുനാടിനെ മുഴുവന്‍ വിഷലിപ്തമാക്കാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്നും ഇവര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം കരിങ്കുന്നം പുത്തന്‍പള്ളി ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.